ഒരു ലോകവും അതിലൊരു ഇന്നസെന്റും ; മലയാളസിനിമയെ കുടുകുടെ ചിരിപ്പിച്ച ആ ചിരി ഇനിയില്ല .!! പ്രിയ നടന് പ്രണാമം . | Innocent Passed Away News Malayalam

Innocent Passed Away News Malayalam : മലയാള സിനിമയിലെ നിഷ്‌കളങ്കമായ ചിരിയുടെ പര്യായം, ഇന്നസെന്റ് നിര്യാതനായി. 75 വയസ്സായിരുന്നു ഇദ്ദേഹത്തിന്. 26 മാർച്ച് 2023 രാത്രി 10.15 ഓടുകൂടി ഇന്നസെന്റ് ഈ ലോകത്തുനിന്നും വിട പറഞ്ഞിരിക്കുന്നു. കഴിഞ്ഞ കുറച്ചു ദിവസമായി ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ആയിരുന്നു ഇദ്ദേഹം. കൊച്ചിയിലെ ലേക്ക് ഷോർ ആശുപത്രിയിലായിരുന്നു താരം. ശ്വാസകോശത്തിൽ അണുബാധയുണ്ടായതിനെ തുടർന്ന് നില മോശമായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് താരത്തെ മാറ്റിയിരുന്നു.

നിരവധി കോമഡി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് ഇന്നസെന്റ്. നാലു പതിറ്റാണ്ടോളമായി സിനിമ ലോകത്തെ സജീവസാന്നിധ്യമായിരുന്നു ഇദ്ദേഹം. ഈ കാലയളവ് കൊണ്ട് 750ലധികം ചിത്രങ്ങളിലാണ് താരം വേഷം ഇട്ടത്. ഒരു സിനിമ നടൻ മാത്രമായിരുന്നില്ല രാഷ്ട്രീയത്തിലും തന്റേതായ ഒരു കയ്യൊപ്പ് പതിപ്പിക്കാൻ ഇന്നസെന്റിന് സാധിച്ചിരുന്നു. 1972-ൽ പുറത്തിറങ്ങിയ നൃത്തശാലയായിരുന്നു താരത്തിന്റെ ആദ്യചിത്രം.

പിന്നീട് ഉർവശി ഭാരതി, ഫുട്ബോൾ ചാമ്പ്യൻ, നെല്ല് തുടങ്ങിയ ചിത്രങ്ങളിലെ ചെറുവേഷങ്ങൾ. പിന്നീട് കരിയറിൽ നിരവധി ചെറുതും വലുതുമായ വേഷങ്ങളിൽ പ്രേക്ഷകർക്ക് മുൻപിൽ എത്തുകയും കൈയ്യടി നേടുകയും ചെയ്തു. 2014ല്‍ ചാലക്കുടി മണ്ഡലത്തില്‍ നിന്ന് എല്‍ഡിഎഫ് പിന്തുണയുള്ള സ്വതന്ത്രനായി മത്സരിച്ച് പാര്‍ലമെന്റിലെത്തുകയും ഇരിങ്ങാലക്കുട നഗരസഭാ കൗണ്‍സിലറായും പ്രവര്‍ത്തിക്കുകയും ചെയ്തു.12 വര്‍ഷം അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായിരുന്നു ഇദ്ദേഹം 2022ല്‍ പുറത്തിറങ്ങിയ കടുവയായിരുന്നു ഇദ്ദേഹത്തിന്റെ അവസാന ചിത്രം.

1989 മഴവിൽക്കാവടി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള അവാർഡ് ഇദ്ദേഹം കരസ്ഥമാക്കിയിരുന്നു. മലയാള ചിത്രങ്ങളിൽ മാത്രമല്ല ചില തമിഴ് കന്നട ചിത്രങ്ങളിലും താരം ഇതിനോടകം തന്നെ വേഷമിട്ടിട്ടുണ്ട്. വിശേഷമായ ശരീരഭാഷയും തൃശൂർ ശൈലിയിലുള്ള സംഭാഷണവും ആണ് ഇന്നസെന്റ് എന്ന നടനെ ഇത്രയേറെ ജനപ്രീതി നേടാൻ സഹായിച്ചത്. സത്യൻ അന്തിക്കാട്, ഫാസിൽ, പ്രിയദർശൻ, സിദ്ദിഖ്-ലാൽ സിനിമകളിലെ ഇന്നസെന്റിന്റെ കഥാപാത്രങ്ങൾ ഏറെ ജനപ്രിയമാണ്.

Rate this post