Subi Suresh Passed Away Malayalam : മലയാള ടെലിവിഷൻ പരിപാടികളുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം സംപ്രേഷണം ചെയ്ത ഒരു ഷോയാണ് സിനിമാല. ഡയാന സിൽവസ്റ്റർ നിർമ്മിച്ച സിനിമാല, ഒരു പാരഡി ജോണറിൽ ഉള്ള ടെലിവിഷൻ ഷോ ആയിരുന്നു. ഇന്ന് ടെലിവിഷൻ സിനിമ സ്ക്രീനുകളിൽ സജീവമായി കാണുന്ന നിരവധി കലാകാരന്മാർ ‘സിനിമാല’യിലൂടെയാണ് കരിയർ ആരംഭിച്ചത് എന്ന കാര്യം ശ്രദ്ധേയമാണ്. അവരിൽ ഒരാളായിരുന്നു ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരമായ സുബി സുരേഷ്.
1993-ൽ സംപ്രേഷണം ആരംഭിച്ച സിനിമാല, 2013-ൽ ആണ് അവസാനിപ്പിച്ചത്. ഏറ്റവും കൂടുതൽ കാലം സംപ്രേഷണം ചെയ്ത ടെലിവിഷൻ ഷോകളിൽ ഒന്ന് എന്ന നിലക്ക്, 1000 എപ്പിസോഡുകൾ സംപ്രേഷണം ചെയ്ത സിനിമാലക്ക് ലിംക്ക ബുക്ക് ഓഫ് റെക്കോർഡ്സ് ലഭിച്ചിട്ടുണ്ട്. തസ്നി ഖാൻ, മനോജ് ഗിന്നസ്, രമേശ് പിഷാരടി, ധർമ്മജൻ ബോൽഗാട്ടി, കോട്ടയം നസീർ, സലിം കുമാർ, ഹരിശ്രീ അശോകൻ, സാജു കൊടിയൻ, ടിനി ടോം, ഗിന്നസ് പക്രു തുടങ്ങിയ ഇന്ന് പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായ നിരവധി പേർ സിനിമാലയുടെ ഭാഗമായിരുന്നു.
ഇവരെല്ലാം തന്നെ ഇന്നും വളരെ അടുത്ത സൗഹൃദബന്ധം കാത്തുസൂക്ഷിക്കുന്നവരാണ്. ഒരിക്കൽ തന്റെ സിനിമാലയിലെ സുഹൃത്തുക്കൾക്കൊപ്പം പകർത്തിയ പഴയകാല ചിത്രം സുബി സുരേഷ് തന്റെ ഫേസ്ബുക് ഹാൻഡിൽ പങ്കുവെച്ചിരുന്നു. ഇന്ന് സുബി സുരേഷ് തന്റെ സുഹൃത്തുക്കൾക്ക് ഹൃദയം സ്തംഭിക്കുന്ന വേദന നൽകിക്കൊണ്ട് ഈ ലോകത്തോട് വിട പറഞ്ഞിരിക്കുകയാണ്. താരത്തിന്റെ സുഹൃത്തുക്കൾ എല്ലാവരും തന്നെ സോഷ്യൽ മീഡിയയിലൂടെയും മറ്റും തങ്ങളുടെ അനുശോചനം രേഖപ്പെടുത്തുന്നു.
കോമഡി – മിമിക്രി രംഗത്ത് പുരുഷ മേൽക്കോയ്മ നിലനിന്നിരുന്ന കാലത്ത്, തന്റേതായ ഒരു ഇടം സൃഷ്ടിച്ച കലാകാരിയാണ് സുബി സുരേഷ്. ഇക്കാര്യം സുബി സുരേഷ് പങ്കുവെച്ച ആ പഴയ ചിത്രത്തിൽ പ്രകടമാകുന്നുണ്ട്. സുബി സുരേഷിന്റെ വിയോഗം മലയാള ടെലിവിഷൻ സിനിമ പ്രേക്ഷകർക്ക് വലിയ നഷ്ടം തന്നെയാണ് സമ്മാനിച്ചിരിക്കുന്നത്. കോമഡി രംഗത്തേക്ക് വരുന്നതിനായി ഒരുപാട് സ്ത്രീകൾക്ക് പ്രചോദനം നൽകിയ അതുല്യ കലാകാരിക്ക് ആദരാഞ്ജലികൾ.