Kollam Sudhi Death News Malayalam : മലയാളികളുടെ ഏറെ പ്രിയങ്കരനായ കലാകാരനാണ് നടൻ കൊല്ലം സുധി. സിനിമ, മിമിക്രി എന്നീ മേഖലയിലാണ് താരം തന്റെ കഴിവ് തെളിയിച്ചിട്ടുള്ളത്. ഇപ്പോൾ അദ്ദേഹത്തിന്റെ വിയോഗ വാർത്തയാണ് അദ്ദേഹത്തിന്റെ ആരാധകർ അടക്കമുള്ള കേരള ജനതയെ വിഷമത്തിലാക്കുന്നത് . ഇന്ന് പുലർച്ച നാലരയോടെ തൃശൂർ കയ്പ്പമംഗലം വെച്ചാണ് വാഹനാപകടം ഉണ്ടാവുന്നത്. താരം യാത്ര ചെയ്തിരുന്ന വാഹനം എതിരെ വന്ന പിക്കപ്പുമായി ഇടിക്കുകയായിരുന്നു. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
കൊല്ലം സുധിയെ കൂടാതെ ആ വാഹനത്തിൽ നടൻ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവരും സഞ്ചരിച്ചിരുന്നു. ഇവർക്കും പരിക്ക് ഉണ്ടായിട്ടുണ്ട്. പരിക്ക് ഉണ്ടായ ഇവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 2015ൽ റിലീസ് ചെയ്ത കാന്താരി എന്ന ചലച്ചിത്രത്തിലൂടെയാണ് കൊല്ലം സുധി ആദ്യമായി സിനിമ രംഗത്തേക്ക് പ്രവേശിക്കുന്നത്.
പിന്നീട് കട്ടപ്പനയിലെ ഹൃതിക്ക് റോഷൻ , കുഞ്ചാക്കോ ബോബൻ നായകനായ കുട്ടനാടൻ മാർപ്പാപ്പ, വക തിരിവ്, തീറ്റ റപ്പായി, ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി, ദിലീപിന്റെ നായകനായ കേശു ഈ വീടിന്റെ നാഥൻ, എസ്കേപ്പ്, സ്വർഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ ചലച്ചിത്രങ്ങളിൽ മനോഹരമായ വേഷങ്ങൾ കൈകാര്യം ചെയ്യാൻ കൊല്ലം സുധിയ്ക്ക് ഭാഗ്യം ഉണ്ടായി.
അഭിനയ ജീവിതത്തിൽ സജീവമാണെങ്കിലും പ്രേഷകർക്ക് കൊല്ലം സുധിയെ ഏറെ സുപരിചിതനാക്കിയത് ഫ്ലവർ ടീവിയിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്ക് എന്ന പരിപാടിയിലൂടെയായിരുന്നു. താരത്തിനു നിരവധി ആരാധകരെയായിരുന്നു ഈയൊരു ഒറ്റ പരിപാടിയിലൂടെ
സ്വന്തമാക്കാൻ കഴിഞ്ഞത്. ഓരോ എപ്പിസോഡിന് വേണ്ടി കാത്തിരിക്കുന്നതായ ആരാധകരും പ്രേഷകരും ഒട്ടേറെയായിരുന്നു. എന്നാൽ താരത്തിന്റെ മരണ വാർത്ത ഇപ്പോൾ ആരാധകരെ ഏറെ സങ്കടത്തിലാക്കിയിരിക്കുകയാണ്. ഇനി ഈയൊരു മുഖം സ്റ്റാർ മാജിക്കിൽ ഉണ്ടാവില്ല എന്നുള്ള വാർത്ത ഏവരെയും ദുഃഖത്തിലേക്ക് നയിക്കുകയാണ്.