Easy Breakfast Recipe: ദോശ, ഇഡലി, പുട്ട് എന്നിങ്ങനെ സ്ഥിരമായി നമ്മുടെയെല്ലാം വീടുകളിൽ ഉണ്ടാക്കുന്ന ചില പ്രഭാത ഭക്ഷണങ്ങൾ ഉണ്ടായിരിക്കും. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി എന്തെങ്കിലും ഒരു പലഹാരം തയ്യാറാക്കണമെന്ന് ചിന്തിക്കുമ്പോൾ അതിനായി കൂടുതൽ പണിപ്പെടാൻ അധികമാർക്കും താല്പര്യമുണ്ടായിരിക്കില്ല. അത്തരം സാഹചര്യങ്ങളിലെല്ലാം ചെയ്തു നോക്കാവുന്ന രുചികരമായ എന്നാൽ വ്യത്യസ്തമായ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കപ്പ് അളവിൽ പച്ചരി നല്ലതുപോലെ കഴുകി വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കുക. കുറഞ്ഞത് അഞ്ചു മുതൽ ആറുമണിക്കൂർ വരെയെങ്കിലും അരി കുതിരാനായി വെള്ളത്തിൽ ഇട്ടുവയ്ക്കണം. ശേഷം വെള്ളം മുഴുവനായും കളഞ്ഞ് അരി മിക്സിയുടെ
ജാറിലേക്ക് ഇടുക. അതോടൊപ്പം രണ്ട് പുഴുങ്ങിയെടുത്ത ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് ചെറുതായി മുറിച്ചെടുത്തത് കൂടി ചേർത്തു കൊടുക്കുക. ശേഷം മാവിലേക്ക് എരുവിന് ആവശ്യമായ രണ്ട് പച്ചമുളക്, ഒരു ചെറിയ കഷണം ഇഞ്ചി,ആവശ്യത്തിന് വെള്ളം എന്നിവ കൂടി ചേർത്ത് മാവ് ഒട്ടും തരികൾ ഇല്ലാതെ അരച്ചെടുക്കണം.
അരച്ചെടുത്ത മാവിലേക്ക് ഒരു പിടി അളവിൽ ക്യാരറ്റ്,മല്ലിയില,ചെറുതായി അരിഞ്ഞെടുത്ത ഉള്ളി,ജീരകം പൊടിച്ചത്, എരുവിന് ആവശ്യമായ ചില്ലി ഫ്ലേക്സ്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ആപ്പച്ചട്ടി അടുപ്പത്ത് വച്ച് ചൂടായി വരുമ്പോൾ അതിലേക്ക് അല്പം എണ്ണ തടവി കൊടുക്കുക. ശേഷം ഒരു കരണ്ടി അളവിൽ മാവെടുത്ത് അതിലേക്ക് ഒഴിച്ച് കുറച്ചുനേരം അടച്ചുവെച്ച് വേവിച്ചെടുത്ത ശേഷം ചൂടോടുകൂടി സെർവ് ചെയ്യാവുന്നതാണ്. ഇപ്പോൾ നല്ല രുചികരമായ കിടിലൻ ടേസ്റ്റിലുള്ള പലഹാരം റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.