61 Birthday Sujatha Mohan: സ്വതസിദ്ധമായ ഗാന ശൈലികൊണ്ട് ആരാധകരുടെ മനസ്സ് കീഴടക്കിയ ഗായികയാണ് സുജാത മോഹൻ. 12 വയസ്സുള്ളപ്പോഴാണ് സുജാത സിനിമയിൽ പാടി തുടങ്ങുന്നത്. ആദ്യം പാടുന്നത് മലയാള സിനിമയിലാണ് പിന്നീട് തമിഴ്, കന്നട, തെലുങ്ക് , തുടങ്ങിയ നിരവധി ഭാഷകളിൽ ഗാനം ആലപിച്ചു ശ്രദ്ധ നേടി.
കേരള, തമിഴ്നാട് സർക്കാരുകളുടെ മികച്ച പിന്നണി ഗായികക്കുള്ള അവാർഡ് സുജാത മോഹൻ ഇതിനോടകം തന്നെ കരസ്ഥമാക്കിയിട്ടുണ്ട്. മലയാളികൾ മൂളി നടക്കുന്ന നിരവധി ഗാനങ്ങൾ ഈ മാസ്മരിക ശബ്ദത്തിൽ നിന്ന് പിറവികൊണ്ടതാണ്.1975-ൽ “ടൂറിസ്റ്റ് ബംഗ്ലാവ്” എന്ന ചിത്രത്തിനു പിന്നണിപാടിയാണ്, സുജാത ചലച്ചിത്രരംഗത്തേക്കു വന്നത്. ഈ ചിത്രത്തിൽ ഓ.എൻ.വി. കുറുപ്പ് എഴുതി, എം.കെ. അർജ്ജുനൻ ഈണമിട്ട “കണ്ണെഴുതിപ്പൊട്ടുതൊട്ട്…” എന്ന ഗാനമാണ്, സുജാതയുടെ ആദ്യ ചലച്ചിത്രഗാനം.
സമ്മർ ഇത് ബത്ലഹേം, സല്ലാപം, പരദേശി തുടങ്ങിയ സിനിമകളിൽ സുജാത ആലപിച്ച ഗാനങ്ങൾ ഒരു കാലത്ത് വൻ തരംഗം സൃഷ്ടിച്ചിരുന്നു. 1981 ഡോക്ടർ കൃഷ്ണ മോഹനുമായി സുജാത വിവാഹിതയായി. ആലാപനശൈലിയിൽ വ്യത്യസ്തതപുലർത്തുന്ന സുജാതയുടേത് നിത്യഹരിതശബ്ദമായി വിലയിരുത്തപ്പെടുന്നു. മാത്രമല്ലാ, ഭാവഗായികയെന്നപേരിലാണ്, സുജാതയറിയപ്പെടുന്നത്. പ്രേക്ഷകർക്ക് വളരെയധികം ഇഷ്ടമാണ് ഈ ഗായികയെ. സുജാത പങ്കുവെക്കുന്ന എല്ലാ വിശേഷങ്ങളും വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുള്ളത്.
ഇവരുടെ മകളാണ് ശ്വേതാ മോഹൻ. മകളും അമ്മയെപ്പോലെ തന്നെ നല്ലൊരു ഗായികയാണ്. സുജാത പങ്കു വയ്ക്കുന്ന കുടുംബ വിശേഷങ്ങൾക്കും ആരാധകർ ഏറെയാണ്. ഇപ്പോഴിതാ പ്രേക്ഷകരുടെ പ്രിയ ഗായികയുടെ പിറന്നാൾ വിശേഷമാണ് സോഷ്യൽ മീഡിയ നിറയെ. മാർച്ച് 31നായിരുന്നു ഗായികയുടെ പിറന്നാൾ. സോഷ്യൽ മീഡിയയിൽ വൈറലാകുന്ന പോസ്റ്റുകൾക്ക് താഴെ നിറയെ ആരാധകരുടെ ആശംസ പ്രവാഹമാണ്. മതസിദ്ധമായ ആലാപന ശൈലികൊണ്ട് മലയാളി ഹൃദയങ്ങൾ കീഴടക്കിയ സുജാത മോഹന് ഒരായിരം പിറന്നാൾ ആശംസകൾ.